അല്‍ഷീമേഴ്സ് രോഗം
>> Monday, September 21, 2009
അല്‍ഷീമേഴ്സ് രോഗം(Alzheimer's Dementia) തലച്ചോറ് ക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമൂലമുള്ള ഒരു രോഗമാണിത്.1906-ല്‍ അലോയ്സ് അല്‍ഷീമര്‍ ആണ് ആദ്യമായി ഈ രോഗം ജര്‍മന്‍ മനോരോഗചികിത്സകരുടെ മുന്‍പാകെ റിപ്പോര്‍ട്ടു ചെയ്തത്. ലോകത്തെല്ലായിടത്തും അല്‍ഷീമേഴ്സ് രോഗം ഒരുപോലെ കാണപ്പെടുന്നുവെന്നതാണ് ഇന്നത്തെ സ്ഥിതി. ആകെയുള്ള ഡിമെന്‍ഷ്യ (വിസ്മൃതി) രോഗികളില്‍ പകുതിയും ഈ രോഗം ബാധിച്ചവരാണ്. 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഡിമെന്‍ഷ്യ (മേധാക്ഷയം) രോഗങ്ങളില്‍ കൂടുതലും അല്‍ഷീമേഴ്സ് രോഗം മൂലമാണ്. ഓര്‍മപ്പിശകുകളായി അനുഭവപ്പെട്ടുതുടങ്ങുന്ന രോഗലക്ഷണങ്ങള്‍ വാര്‍ധക്യസഹജമായുള്ളതാണോ ഡിമെന്‍ഷ്യ മൂലമുള്ളതാണോ എന്നു തിരിച്ചറിയാന്‍ പ്രയാസമാണ്.ഡിമെന്‍ഷ്യരോഗികളില്‍ കാണുന്ന ഓര്‍മപ്പിശക് ഇപ്രകാരമായിരിക്കും: പഴയകാലങ്ങളെക്കുറിച്ച് വ്യക്തമായ ഓര്‍മയുണ്ടായിരിക്കുകയും ഉടന്‍ നടന്നതോ, സമീപകാലത്തു നടന്നതോ ആയ കാര്യങ്ങള്‍ മറന്നുപോകുകയും ചെയ്യും. പലപ്പോഴും രാവിലെ പ്രഭാതഭക്ഷണം കഴിച്ച രോഗി അക്കാര്യം മറന്നുപോകുന്നതുകൊണ്ട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വഴക്കിടുന്നതും സാധാരണമാണ്. ക്രമേണ സ്ഥലകാലബോധം നഷ്ടപ്പെടുന്നു. രോഗിയുടെ ബോധനിലവാരത്തിനു മാറ്റംവരുന്നതോടൊപ്പം ബുദ്ധിശക്തി, വികാരങ്ങള്‍, ചിന്താശക്തി എന്നിവയിലും പ്രകടമായ കുറവു സംഭവിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട അറിവുകളും, നൈപുണ്യവും കരവിരുതും മറന്നുപോകുക, വളരെ സാധാരണമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ഭാഷാപരമായ പ്രയോഗങ്ങളില്‍ തെറ്റുസംഭവിക്കുക, സമയബോധവും സ്ഥലബോധവും കുറയുക, കാര്യകാരണ വിശകലനശേഷി കുറയുക, സൂക്ഷ്മമായ ചിന്താശേഷി നഷ്ടമാകുക, സാധനങ്ങള്‍ മാറ്റിവയ്ക്കുകയോ, അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ വയ്ക്കുകയോ ചെയ്യുക, വൈകാരികാവസ്ഥ അടിക്കടി മാറുക, വ്യക്തിത്വത്തിലും പെരുമാറ്റത്തിലും സാരമായ മാറ്റങ്ങളുണ്ടാകുക, പ്രകടമായ നിസ്സംഗതയും മുന്‍കൈയെടുത്തു ചെയ്യുന്നതിനുള്ള മടിയും ഉത്സാഹക്കുറവും അനുഭവപ്പെടുക തുടങ്ങിയവയാണ് അല്‍ഷീമേഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തലച്ചോറിന്റെ ധര്‍മങ്ങളായ ഓര്‍മ, ചിന്ത, ശ്രദ്ധിച്ച്കേട്ട് സ്വാംശീകരിക്കാനുള്ള കഴിവ്, കണക്കുകൂട്ടല്‍, ഭാഷ, പഠനശേഷി, കാര്യകാരണവിശകലനം നടത്തി ശരിയായ ദിശയിലുള്ള തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവയില്‍ ക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് ഇതെന്നു പറയാം. അല്‍ഷീമേഴ്സ് രോഗം സാവധാനമാരംഭിച്ച് സാവധാനം തന്നെയാണ് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നത്. സാധാരണഗതിയില്‍ ഈ രോഗം 65 വയസ് കഴിഞ്ഞവരെയാണ് ബാധിക്കുന്നത് എങ്കിലും അതിനുമുന്‍പും ഉണ്ടാകാറുണ്ട്. ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കു കൂടുതലായതുകൊണ്ടാകണം അല്‍ഷീമേഴ്സ് രോഗമുള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടുതലാകുന്നത്. 2020 ആകുമ്പോഴേക്കും 30 ദശലക്ഷ അല്‍ഷീമേഴ്സ് രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്ക്. . ഈ രോഗത്തിന്റെ യഥാര്‍ഥകാരണം ഇന്നും അജ്ഞാതമായാണിരിക്കുന്നത്. ധാരാളം ഘടകങ്ങള്‍ ഇതിലേക്കു വഴിതെളിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില പ്രത്യേക മാംസ്യപദാര്‍ഥങ്ങളുടെ ചയാപചയപ്രവര്‍ത്തനങ്ങളിലും വിനിമയത്തിലും നിയന്ത്രണത്തിലുമുള്ള തകരാറുകള്‍ (ഉദാ: അമൈലോയ്ഡ് പ്രികര്‍സര്‍ (Amyloid precursor), മാംസ്യം, സിങ്ക്, അലുമിനിയം എന്നിവ ഈ രോഗത്തിനു കാരണമാകാം. അമൈലോയ്ഡ് വിഭാഗത്തിലുള്ള ഒരുതരം പ്രോട്ടീന്‍ നാഡീകോശങ്ങളായ ന്യൂറോണുകളില്‍ അടിഞ്ഞുകൂടുന്നതുകൊണ്ട് കോശനാശം സംഭവിക്കുന്നു. പ്രധാനമായും ലിംബിക് വ്യൂഹവുമായി ബന്ധപ്പെട്ട ഭാഗത്തായതുകൊണ്ട് ഓര്‍മശക്തിയെ ബാധിക്കുന്നു. തുടങ്ങി വിവിധങ്ങളായ കാരണങ്ങള്‍ ഇതിനുണ്ട്. രോഗനിര്‍ണയോപാധികള്‍. ഉത്തരവാദിത്വമുള്ള ബന്ധുവില്‍നിന്നും ശരിയായ വിവരശേഖരണമാണ് പ്രധാനം. വിശദമായ ദേഹപരിശോധന, മനോനില പരിശോധന, നാഡീസംബന്ധമായ പരിശോധന, രക്തം, മൂത്രം എന്നിവയുടെ പരിശോധന, ഇലക്ട്രോ കാര്‍ഡിയോഗ്രാം (ECG), എക്സ്റേ പരിശോധന എന്നിവകൂടാതെ സി.റ്റി. സ്കാന്‍, എം.ആര്‍.ഐ. സ്കാന്‍ എന്നിവയും രോഗനിര്‍ണയത്തിനു സഹായകമാണ്.


0 അഭിപ്രായ(ങ്ങള്‍):
Post a Comment